രാജാക്കാട്: എല്ലക്കൽ - മുല്ലക്കാനം റോഡിന്റെ നിർമാണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് യോഗം ചേർന്നു. മലയോരഹൈവേയുടെ ഭാഗമായ മുല്ലക്കാനം മുതൽ എല്ലക്കൽ വരെയുള്ള അഞ്ചു കിലോമീറ്റർ ദൈർഘ്യംവരുന്ന റോഡ് കയറ്റവും വളവുകളും കുറച്ച് വീതികൂട്ടി പുനർ നിർമിക്കുന്നതിനും മുതിരപ്പുഴയാറിന് കുറുകെയുള്ള വീതികുറഞ്ഞ എല്ലക്കൽ പാലത്തിനു പകരമായി പുതിയ പാലം നിർമിക്കുന്നതിനും മൂന്നര വർഷം മുമ്പ് 39 കോടി രൂപ മുൻ സർക്കാർ ഫണ്ട് അനുവദിച്ച് പണികൾ ആരംഭിച്ചതാണ്.
രണ്ട് വർഷമായിരുന്നു കരാർ കലാവധി. എന്നാൽ, പഴയ റോഡുകൾ കുത്തിപ്പൊളിച്ച് പുതിയ റോഡ് നിർമാണം തുടങ്ങി മൂന്ന് വർഷമായിട്ടും നാലിൽ ഒരു ഭാഗംപോലും പൂർത്തീകരിച്ച് റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാൻ കരാറുകമ്പനിക്ക് കഴിഞ്ഞിട്ടില്ല.
റോഡ് നിർമാണം തുടങ്ങിയതോടെ ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയുമാണ്. മുല്ലക്കാനത്തെ സാൻജോ കോളജിലും കൊച്ചുമുല്ലക്കാനത്തുള്ള ഗവ. ഐടിഐയിലും പഠിക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഗതാഗത സൗകര്യമില്ലാത്തതിനാൽ സമയത്ത് സ്ഥാപനങ്ങളിലെത്താൻപോലും കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ നിർമാണം താറുമാറായിക്കിടക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ രണ്ടാംഘട്ട പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ജനകീയ സമിതി ആലോചനാ യോഗം ചേർന്നത്.
എല്ലക്കൽ പള്ളി വികാരി ഫാ. ജോൺ കല്ലൂരിന്റെ നേതൃത്വത്തിൽ എല്ലക്കൽ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ നടന്ന ആലോചനാ യോഗത്തിൽ സാൻജോ കോളജ് മാനേജർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ, ജനപ്രതിനിധികൾ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
ഇതിനിടയിൽ 25ന് നിർമാണം ആരംഭിച്ച് ഡിസംബർ 31ന് പൂർത്തികരിക്കാമെന്ന് ബന്ധപ്പെട്ടവർ ജനകീയ സമിതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.